15 ജനുവരി 2021
ഞങ്ങളുടെ പുതിയ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് ഒരുപാട് ആശയക്കുഴപ്പങ്ങളുണ്ടെന്ന് പലയാളുകളും ഞങ്ങളെ അറിയിക്കുകയുണ്ടായി. ആശങ്കയുണ്ടാക്കുന്ന ഒരുപാട് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്, ഞങ്ങളുടെ തത്വങ്ങളും വസ്തുതകളും മനസ്സിലാക്കുന്നതിന് എല്ലാവരെയും സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
WhatsApp പടുത്തുയർത്തിരിക്കുന്നത് ഒരു ലളിതമായ ആശയത്തിലാണ്: സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങൾ പങ്കിടുന്നത് നിങ്ങൾക്കിടയിൽ മാത്രമായിരിക്കും. ഇതിനർത്ഥം, നിങ്ങളുടെ വ്യക്തിഗത സംഭാഷണങ്ങൾ ആദ്യാവസാന എൻക്രിപ്ഷൻ ഉപയോഗിച്ച് ഞങ്ങൾ എല്ലായ്‌പ്പോഴും പരിരക്ഷിക്കുമെന്നാണ്, അതിനാൽ WhatsApp-നോ Facebook-നോ ഈ സ്വകാര്യ മെസേജുകൾ കാണാൻ കഴിയില്ല. അതുകൊണ്ടാണ് മെസേജ് അയയ്ക്കുന്നവരോ കോൾ ചെയ്യുന്നവരോ ആയ ആരുടെയും ലോഗുകൾ ഞങ്ങൾ സൂക്ഷിക്കാത്തത്. നിങ്ങൾ പങ്കിട്ടിരിക്കുന്ന ലൊക്കേഷനും ഞങ്ങൾക്ക് കാണാൻ കഴിയില്ല, നിങ്ങളുടെ കോൺടാക്റ്റുകൾ Facebook-മായി ഞങ്ങൾ പങ്കിടുന്നുമില്ല.
ഈ അപ്‌ഡേറ്റുകൾ വരുന്നതോടെ, മേൽപ്പറഞ്ഞവയൊന്നും മാറുന്നില്ല. പകരം, WhatsApp-ൽ ബിസിനസ് മെസേജുകൾ അയയ്ക്കുന്നതിന് ഉപയോക്താക്കൾക്ക് ഒരുക്കിയിരിക്കുന്ന പുതിയ ഓപ്‌ഷനുകളാണ് ഈ അപ്‌ഡേറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്, എങ്ങനെയാണ് ഞങ്ങൾ ഡാറ്റ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും എന്നതിനെ സംബന്ധിച്ച് കൂടുതൽ സുതാര്യത നൽകുന്നതാണ് ഈ അപ്‌ഡേറ്റ്. ഇന്ന് WhatsApp പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു ബിസിനസ് സ്ഥാപനത്തിൽ നിന്ന് ഷോപ്പ് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണം കുറവാണെങ്കിലും, ഭാവിയിൽ കൂടുതൽ പേർ ഈ സംവിധാനം ഉപയോഗിക്കുമെന്ന് ഞങ്ങൾ കരുതുന്നു, അതിനാൽ ഈ സേവനങ്ങളെ കുറിച്ച് ആളുകൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. Facebook-മായി ഡാറ്റ പങ്കിടാനുള്ള ഞങ്ങളുടെ ശേഷിയെ ഈ അപ്‌ഡേറ്റ് വിപുലമാക്കുന്നില്ല.
ഈ നിബന്ധനകൾ അവലോകനം ചെയ്യാനും അംഗീകരിക്കാനും ആളുകളോട് ആവശ്യപ്പെടുന്ന തീയതി ഞങ്ങൾ ഇപ്പോൾ നീട്ടി വയ്ക്കുകയാണ്. ഫെബ്രുവരി 8-ന് ആരുടെയും അക്കൗണ്ട് താൽക്കാലികമായി അവസാനിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതല്ല. WhatsApp-ൽ സ്വകാര്യതയും സുരക്ഷയും പ്രവർത്തിക്കുന്ന രീതിയെ കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളിൽ സംശയനിവൃത്തി വരുത്തുന്നതിന് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പോകുകയാണ്. മെയ് 15-ന് പുതിയ ബിസിനസ് ഓപ്ഷനുകൾ ലഭ്യമാകും മുമ്പ്, പുതുക്കിയ നയം, സ്വന്തം സമയം അനുസരിച്ച് അവലോകനം ചെയ്യുന്നതിന് സാവധാനത്തിൽ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നതിനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
ആദ്യാവസാന എൻക്രിപ്ഷന്റെ പ്രയോജനം ലോകമെമ്പാടുമുള്ള ആളുകൾക്ക് എത്തിക്കാൻ WhatsApp സഹായിച്ചു, ഈ സുരക്ഷാ സാങ്കേതികവിദ്യയെ അതേപടി നിലനിർത്തുന്നതിൽ ഇപ്പോഴും ഭാവിയിലും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സംശയനിവൃത്തിക്കായി ഞങ്ങളെ സമീപിച്ച എല്ലാവർക്കും വസ്തുതകൾ പ്രചരിപ്പിക്കാനും ഊഹാപോഹങ്ങൾ തടയാനും സഹായിച്ച നിരവധി പേർക്കും നന്ദി. സ്വകാര്യമായി ആശയവിനിമയം നടത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമായി WhatsApp-നെ മാറ്റുന്നതിനായി ഞങ്ങളുടെ എല്ലാ വിഭവസാമഗ്രികളും ഉപയോഗിക്കുന്നത് ഞങ്ങൾ തുടരും.